2009 ലെ മികച്ച 10 മലയാള സിനിമകള്‍

1. ഒരു പെണ്ണും രണ്ടാണും
ശരിതെറ്റുകള്‍ ആപേക്ഷികങ്ങളാണ്. പുനര്‍വിചിന്തനങ്ങള്‍ക്ക് തയ്യാറാകുമ്പോള്‍ ചില ശരികള്‍ തെറ്റുകളാവും ചില തെറ്റുകള്‍ ശരികളാവും. അടൂര്‍ ഗോപാലകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനംചെയ്ത ഒരു പെണ്ണും രണ്ടാണും കഥ പറഞ്ഞത് ഇത്തരം ഓര്‍മപ്പെടുത്തലുകള്‍ നടത്തിയാണ്. 1940കളില്‍ രണ്ടാംലോകമഹായുദ്ധം തീര്‍ത്ത കേരളീയാവസ്ഥകളിലേക്ക് ഫോക്കസ് ചെയ്ത ചിത്രം അടിസ്ഥാനവര്‍ഗങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിട്ടത്.


ഉള്ളവര്‍ പൂഴ്ത്തിവെക്കുകയും ഇല്ലാത്തവര്‍ ചെറിയ കുറ്റം ചെയ്യുമ്പോള്‍ പരിഗണിക്കപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയ അവസ്ഥയായിരുന്നു 40കളില്‍ തിരുവിതാംകൂറില്‍. പാവപ്പെട്ട കള്ളന്റെ കഥ, നിയമവിദ്യാര്‍ഥിയുടെ കഥ അങ്ങനെ വിഭിന്നങ്ങളായ ജീവിതകഥകളിലൂടെയാണ് ഒരു പെണ്ണും രണ്ടാണും പൂര്‍ത്തിയായത്. രാജ്യത്ത് കടുത്ത ക്ഷാനം നിലനിന്ന നാല്പതുകളിലെ തിരുവിതാംകൂര്‍ കാഴ്ചയുടെ നേര്‍ചിത്രമാണ് ഈ അടൂര്‍ചിത്രം.

തകഴി ശിവശങ്കരപ്പിള്ളയുടെ കള്ളന്റെ മകന്‍, നിയമവും നീതിയും, ഒരു കൂട്ടുകാരന്‍, പങ്കിയമ്മ എന്നീ നാലു കഥകളാണ് ചിത്രത്തിന്റെ തിരക്കഥയ്ക്ക് അവലംബം. വിവിധ ജീവിതോദ്ദേശ്യങ്ങളുമായി കഴിയുന്നവരുടെ നിലനില്പിന്റെ പ്രശ്‌നങ്ങള്‍. അവര്‍ സമൂഹ മനഃസാക്ഷിക്കു മുന്നില്‍ പലപ്പോഴും പകച്ചു നില്ക്കുന്നു. നിയമത്തിനെയും നീതിയെയും ബഹുമാനിക്കുമ്പോള്‍ ചില കാര്യങ്ങള്‍ക്കായി അവര്‍ക്ക് ശബ്ദമുയര്‍ത്തേണ്ടിവരുന്നു. കാലഘട്ടങ്ങള്‍ മാറുമ്പോഴും അടിസ്ഥാന വര്‍ഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് വലിയ മാറ്റങ്ങള്‍ വരുന്നില്ലെന്നാണ് ചിത്രം നല്കുന്ന സൂചന.

മനോജ് കെ. ജയന്‍, പ്രവീണ, നെടുമുടി വേണു, രവി വള്ളത്തോള്‍, വിജയരാഘവന്‍, ജഗദീഷ്, സുധീഷ്, കൃഷ്ണന്‍, എം.ആര്‍. ഗോപകുമാര്‍, സീമ ജി. നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍. പങ്കിയമ്മയെ അവതരിപ്പിച്ച പ്രവീണയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും ഒരു പെണ്ണും രണ്ടാണും നേടിക്കൊടുത്തു. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഒരു അടൂര്‍ ചിത്രമായാണ് ഒരു പെണ്ണും രണ്ടാണും എത്തിയത്. ഒരു ക്രൈം കഥയുടെ രൂപവും ഭാവവും നിലനിര്‍ത്തുന്നതോടൊപ്പം ഒരു കാലഘട്ടത്തെ പുനരാവിഷ്‌കരിക്കാനും ചിത്രത്തിനു കഴിഞ്ഞു. സസ്‌പെന്‍സും ഉദ്വേഗജനകമായ നിമിഷങ്ങളും നര്‍മ മുഹൂര്‍ത്തങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു. തിരുവിതാംകൂറില്‍ 40കളില്‍ നടന്ന ചെറിയ കളവുകള്‍ മുതല്‍ വലിയ കളവുകള്‍വരെ ഒരേ ലക്ഷ്യത്തിനു വേണ്ടിയാണ് നടത്തിയത്. ആ രസങ്ങളിലൂടെയാണ് ഒരു പെണ്ണും രണ്ടാണും യാത്രയായത്. ആ യാത്ര വിജയകരമായി.

വളരെ സരസമായാണ് ഗഹനമായ ആശയങ്ങള്‍ ചിത്രം പങ്കുവെച്ചത്. ഗോവ, ദുബായ്, റോട്ടര്‍ ഡാം, ഫ്രൈബോര്‍ഗ്, മ്യൂണിക് തുടങ്ങി നിരവധി അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് നല്ല സിനിമകളുടെ ഗണത്തില്‍ ഒന്നാം സ്ഥാനമാണ്.

2.കേരളവര്‍മ പഴശ്ശിരാജ
ചരിത്രം അവഗണിച്ച ചില സത്യങ്ങളാണ് 'കേരളവര്‍മ പഴശ്ശിരാജ'യിലൂടെ മിഴിതുറന്നെത്തിയത്. ഒന്നാം സ്വാതന്ത്ര്യസമരമായി ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തത് 1857ലെ സ്വാതന്ത്ര്യസമരമാണ്. എന്നാല്‍ അതിനുമുമ്പേ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ പഴശ്ശിരാജയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ചിത്രം അടിവരയിടുന്നു. ഹരിഹരന്‍, എം.ടി. വാസുദേവന്‍നായരുടെ തിരക്കഥയിലൊരുക്കിയ ചിത്രം മലയാള സിനിമയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രാപ്തിയോടെയാണെത്തിയത്. ടെക്‌നിക്കല്‍ പെര്‍ഫെക്ഷനൊപ്പം മനസ്സില്‍ തൊടുന്ന കുറെ മുഹൂര്‍ത്തങ്ങളും ചിത്രത്തില്‍ നിറയുന്നു.


വില്യം ലോഗന്റെ മലബാര്‍ മാന്വല്‍, പഴശ്ശി ചരിത്രം, പഴശ്ശി എഴുതിയ കത്തുകള്‍ എന്നിവയെല്ലാം ഉപജീവിച്ച് ഏറെ പഠനമനനങ്ങള്‍ക്കൊടുവിലാണ് പഴശ്ശിരാജയുടെ തിരക്കഥ പൂര്‍ത്തിയാക്കിയത്. അത് ചിത്രത്തിന്റെ പൂര്‍ണതയ്ക്ക് ഏറെ സഹായകമായിട്ടുണ്ടെന്ന് ചിത്രത്തിലെ ഓരോ സീനുകളും തെളിയിക്കുന്നു.

വടക്കന്‍വീരഗാഥയ്ക്കു ശേഷം ഹരിഹരന്‍ എം.ടി.യുടെ തിരക്കഥയിലൊരുക്കിയ ചിത്രം സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയ ചിത്രമാണ്. മമ്മൂട്ടി, ശരത്കുമാര്‍, മനോജ് കെ. ജയന്‍, സുരേഷ് കൃഷ്ണ, കനിഹ, പത്മപ്രിയ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിലുള്ളത്. ഏറെ പ്രതിസന്ധികള്‍ തരണംചെയ്ത് തിയേറ്ററിലെത്തിച്ച ചിത്രം ഹരിഹരന്റെ പോരാട്ടവീര്യത്തിന്റെ അടയാളമാണ്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിച്ച ചിത്രം മലയാളത്തിന് ഒരു ചരിത്ര വീരഗാഥയാണ് സമ്മാനിച്ചത്.

3.വിലാപങ്ങള്‍ക്കപ്പുറം
 
എളുപ്പം പാളിപ്പോകാവുന്ന ഒരു വിഷയത്തെ കയ്യടക്കത്തോടെ അവതരിപ്പിക്കാന്‍ 'വിലാപങ്ങള്‍ക്കപ്പുറ'ത്തിന് കഴിഞ്ഞിട്ടുണ്ട്. ഗുജറാത്ത് കലാപത്തിന്റെ ഇരയായിമാറിയ പെണ്‍കുട്ടി. അവളുടെ അതിജീവനത്തിന്റെ കഥയാണ് ടി.വി. ചന്ദ്രന്‍ ചിത്രത്തിലൂടെ പറയുന്നത്. ആര്യാടന്‍ ഷൗക്കത്ത് കഥയെഴുതി നിര്‍മിച്ച ചിത്രം പ്രിയങ്കയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്തു.


ഗുജറാത്തിലും കേരളത്തിലുമായി ചിത്രീകരിച്ച ചിത്രം മനുഷ്യസ്‌നേഹത്തിന്റെ വിവിധ ഭാവങ്ങളും അനാവരണം ചെയ്യുന്നു. ഒരു സ്ത്രീയെ അല്ലെങ്കില്‍ പെണ്‍കുട്ടിയെ കാമവെറി പൂണ്ട കണ്ണുകള്‍കൊണ്ട് നോക്കുന്നവരാണ് സമകാലിക സമൂഹത്തില്‍ ഏറെയും. പക്ഷേ, സഹോദരമനസ്സോടുകൂടി സ്ത്രീജനങ്ങളെ സമീപിക്കുന്നവരും വിരളമല്ലെന്ന് ചിത്രത്തിലെ ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ വെളിവാക്കുന്നു.

 4.രാമാനം
പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകള്‍ എന്ന കൃതിയെ ഉപജീവിച്ച് എം.പി. സുകുമാരന്‍നായര്‍ തിരക്കഥയെഴുതി സംവിധാനംചെയ്ത രാമാനം പുതിയ രാഷ്ട്രീയ വായനയാണ് നടത്തിയത്. ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതിനുശേഷം സ്മാരകശിലകളുടെ ഉള്ളടക്കത്തിന് പഴയതുപോലെ പുരാവൃത്തങ്ങളില്‍ മാത്രമായി ഒതുങ്ങി നില്ക്കാനാവില്ലെന്ന രാഷ്ട്രീയ സന്ദേശമാണ് രാമാനം നല്കുന്നത്.


ജഗതി ശ്രീകുമാര്‍, മാര്‍ഗി സതി, ഇന്ദ്രന്‍സ്, ബേബി അവന്തിക, മാസ്റ്റര്‍ ദേവനാരായണന്‍, ജയകൃഷ്ണന്‍, മഞ്ജുപിള്ളയുമൊക്കെ മനസ്സില്‍ തൊടുന്ന കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ വന്നത്.

തമാശകള്‍ ചെയ്ത് മലയാളസിനിമയില്‍ നില്‌ക്കേണ്ടിവന്ന ഇന്ദ്രന്‍സിന് തന്റെ അഭിനയവൈഭവം പ്രേക്ഷകരിലെത്തിക്കാന്‍ അവസരം നല്കിയ ചിത്രമാണ് രാമാനമെന്ന് നിസ്സംശയം പറയാം. താരങ്ങള്‍ക്ക് വേണ്ടി കഥാപാത്രങ്ങളെ ഇല്ലാതാക്കുന്നതിനു പകരം കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ നടീനടന്മാരെയാണ് എം.പി. സുകുമാരന്‍നായര്‍ അഭിനയിപ്പിച്ചത്. ഒരു സൂപ്പര്‍താരത്തിന്റെയും ഡേറ്റിനു പോകാതെ സ്വയം നിര്‍മാതാവായി മാറാന്‍ ധൈര്യം കാണിച്ച സംവിധായകന്‍ കൂടിയാണ് അദ്ദേഹം. താരകേന്ദ്രീകൃതമായ സിനിമാലോകത്തില്‍ ലാഭേച്ഛ കൂടാതെ നല്ലൊരു സിനിമയെടുക്കാന്‍ തയ്യാറാവുകയായിരുന്നു രാമാനത്തിലൂടെ സംവിധായകന്‍ സുകുമാരന്‍നായര്‍.

 5.പാലേരി മാണിക്യം
 മലയാള ത്തില്‍ പരീക്ഷണങ്ങള്‍ നടക്കുന്നില്ലെന്ന് പറയുന്നവര്‍ക്ക് മറുപടിയായിട്ടാണ് 'പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ'യെത്തിയത്. നോവല്‍ഭൂമികയില്‍നിന്ന് ഒരു ചലച്ചിത്രഭാഷ്യം എന്ന രീതിയിലെത്തിയ ചിത്രത്തിലൂടെ നാടകരംഗത്തുനിന്നെത്തിയ പുതുമുഖ അഭിനേതാക്കള്‍ക്ക് മലയാള സിനിമയില്‍ ഒരിടം നല്കി. ടി.പി. രാജീവന്റെ 'പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ' എന്ന നോവലിനെ ഉപജീവിച്ച് രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം സസ്‌പെന്‍സ് ത്രില്ലര്‍ എന്ന രീതിയിലുള്ള അന്വേഷണകഥയാണ്.


പാലേരിമാണിക്യം കേസ് ചരിത്രത്തില്‍ ഇടംനേടിയ കേസാണ്. ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തില്‍ അധികാരത്തില്‍ വന്നതിനുശേഷം ആദ്യം രേഖപ്പെടുത്തിയ കേസ്. പക്ഷേ, മാണിക്യത്തിന്റെ കൊലപാതകിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വര്‍ഷങ്ങള്‍ക്കുശേഷം ആ കേസന്വേഷണത്തിനായി ഒരാള്‍ വരുമ്പോള്‍ അന്വേഷണവഴി അത്ര സുഗമമല്ലായിരുന്നു. എങ്കിലും അദ്ദേഹം അന്വേഷണം പൂര്‍ത്തിയാക്കി കൊലപാതകത്തിന്റെ ഉത്തരവാദിയെ കണ്ടെത്തുന്നു. മമ്മൂട്ടി മൂന്ന് കഥാപാത്രങ്ങളിലൂടെ നാല് മുഖങ്ങളിലെത്തുന്ന ചിത്രം അദ്ദേഹത്തിന്റെ അഭിനയത്തെ പരമാവധി ചൂഷണംചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. മമ്മൂട്ടിയില്‍നിന്ന് സമീപകാലത്ത് ലഭിച്ച ശക്തമായ കഥാപാത്രങ്ങളാണ് ചിത്രത്തിലെ അഹമ്മദ് ഹാജിയും ഹരിദാസും അഹമ്മദ് ഹാജിയുടെ മകനും.

6.കേരള കഫേ
യാതൊരുവിധ വിട്ടുവീഴ്ചകളും ചെയ്യാതെ ഒരു ചിത്രമൊരുക്കാന്‍ അവസരം. രഞ്ജിത് നേതൃത്വം നല്കിയ 'കേരള കഫേ' എന്ന സിനിമാ സമുച്ചയം 10 സംവിധായകര്‍ക്ക് നല്കിയത് അതാണ്. മലയാളത്തിലെ മുഖ്യധാരാ സിനിമകളുടെ വക്താക്കളായ ഈ സംവിധായകര്‍ക്ക് അവരുടെ സങ്കല്പത്തിലുള്ള ഒരു സിനിമ ഒരുക്കാന്‍ അവസരം നല്കുകയായിരുന്നു 'കേരള കഫേ'.
യാത്രയെ അടിസ്ഥാനമാക്കി 10 സംവിധായകര്‍ ഒരുക്കിയ ചിത്രങ്ങള്‍. ഓരോ ഹ്രസ്വചിത്രവും കേരളത്തിലെ സമകാലിക സമൂഹവുമായി ബന്ധപ്പെട്ടവയാണ്. ഈ ചിത്രങ്ങള്‍ ഓരോന്നും 'കേരള കഫേ' എന്ന റയില്‍വേ ഹോട്ടലിലൂടെ കടന്നുപോകുന്നു. ശ്യാമപ്രസാദ്, ലാല്‍ജോസ്, ഷാജി കൈലാസ്, ബി. ഉണ്ണികൃഷ്ണന്‍, രേവതി, അന്‍വര്‍ റഷീദ്, പത്മകുമാര്‍, അഞ്ജലി മേനോന്‍, ഉദയ് അനന്തന്‍, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരാണ് 'കേരള കഫേ'യിലെ ഹ്രസ്വചിത്രങ്ങള്‍ ഒരുക്കിയത്.


മലയാള സിനിമയില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭം. ജോഷ്വാന്യൂട്ടന്റെ തിരക്കഥയില്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഓഫ് സീസണ്‍, സി.വി. ശ്രീരാമന്റെ പുറംകാഴ്ചകള്‍ എന്ന കഥയെ ആസ്​പദമാക്കി ലാല്‍ജോസ് തിരക്കഥയെഴുതി സംവിധാനംചെയ്ത പുറംകാഴ്ചകള്‍, രാജേഷ് ജയരാമന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ലളിതം ഹിരണ്‍മയം, ബി. ഉണ്ണികൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത അവിരാമം, ദീദി ദാമോദരന്റെ തിരക്കഥയില്‍ രേവതി സംവിധാനം ചെയ്ത മകള്‍, ആര്‍. ഉണ്ണിയുടെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ബ്രിഡ്ജ്, പത്മകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത നൊസ്റ്റാള്‍ജിയ, അഞ്ജലി മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ശുഭയാത്ര, അഹമ്മദ് സിദ്ദിഖിന്റെ രചനയില്‍ ഉദയ് അനന്തന്‍ സംവിധാനം ചെയ്ത മൃത്യുഞ്ജയം, ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതിയ ഐലന്റ് എക്‌സ്​പ്രസ് എന്നിവയാണ് പത്ത് ചിത്രങ്ങള്‍.

മമ്മൂട്ടി, ശ്രീനിവാസന്‍, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ, തിലകന്‍, സലിംകുമാര്‍, ശാന്താദേവി, സുകുമാരി, റിമ, ശ്വേതാമേനോന്‍, ജ്യോതിര്‍മയി തുടങ്ങി കുറേ അഭിനേതാക്കള്‍ ഈ ചിത്രങ്ങളുടെ ഭാഗമായി വരുന്നു. വ്യത്യസ്തമായ ചിത്രങ്ങള്‍ കാണുക എന്നതിനപ്പുറം മലയാളിയുടെ ഭിന്നരൂപങ്ങളെ അടയാളപ്പെടുത്തുന്നു കേരള കഫേ. കുറഞ്ഞ ബജറ്റില്‍ കലാമൂല്യമുള്ള സിനിമകള്‍ ഒരുക്കുക എന്ന ആഗ്രഹമുള്ള സംവിധായകരുടെ കൂട്ടായ്മകൂടിയാണ് ഇതില്‍ തെളിയുന്നത്. വാണിജ്യ സിനിമകളുടെ വക്താക്കളായി മാറിയതുകൊണ്ടുമാത്രം പലരുടെയും താല്പര്യങ്ങള്‍ സംരക്ഷിച്ചാണ് ഈ സംവിധായകര്‍ ചിത്രമെടുത്തിരുന്നത്. അവര്‍ക്ക് തങ്ങളുടെ ഇഷ്ടങ്ങള്‍ സംരക്ഷിച്ച് ഒരു ചിത്രമൊരുക്കാന്‍ കഴിഞ്ഞുവെന്നതാണ് കേരള കഫേ നല്കിയ ഏറ്റവും വലിയ നേട്ടം.

സ്ഥിരം മാതൃകകള്‍ കണ്ടുമടുത്ത സിനിമാപ്രേമികള്‍ക്കു പുതിയ കാഴ്ച പ്രദാനംചെയ്യാന്‍ കേരള കഫേയിലെ ചിത്രങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. ആര്‍ദ്രമായ മുഹൂര്‍ത്തങ്ങള്‍, നര്‍മ മുഹൂര്‍ത്തങ്ങള്‍ തുടങ്ങി ജീവിതവഴിയിലെ വിവിധ സന്ദര്‍ഭങ്ങള്‍ നിറഞ്ഞ ചിത്രങ്ങളാണ് ഓരോന്നും. സംവിധായകര്‍ക്ക് സത്യസന്ധമായി സിനിമയെ സമീപിക്കാന്‍ കഴിഞ്ഞുവെന്ന് ഈ ചിത്രസമുച്ചയം തെളിയിക്കുന്നു. 

7.ഭ്രമരം
നഗരജീവിതത്തിന്റെയും ഗ്രാമീണ ജീവിതത്തിന്റെയും കാഴ്ചകള്‍ക്കൊപ്പം നടന്ന ഒരു റോഡ് മൂവി. ബ്ലെസി മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഭ്രമരത്തെ അങ്ങനെ വിശേഷിപ്പിക്കാം. മൂന്നാര്‍, മറയൂര്‍, നെല്ലിയാമ്പതി, കുട്ടിക്കാനം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ വൈവിധ്യങ്ങളായ ദൃശ്യങ്ങളാണ് ഭ്രമരത്തില്‍ നിറയുന്നത്. മോഹന്‍ലാലിന്റെ അനിതരസാധാരണമായ അഭിനയവൈഭവം ഒരിക്കല്‍ക്കൂടി പ്രേക്ഷകര്‍ക്കുമുന്നിലെത്തിക്കാന്‍ ഈ ചിത്രത്തിലൂടെ കഴിഞ്ഞു.


മനസ്സിന്റെ ഭ്രമണപഥത്തില്‍ താന്‍ തെറ്റുകാരനല്ലെന്ന് വ്യക്തമായി തെളിയുന്നുണ്ട്. പക്ഷേ, തന്റെ നിസ്സഹായാവസ്ഥ മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ നായകന് കഴിയുന്നില്ല. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റംവരെയും പോകാന്‍ തയ്യാറുള്ള ഒരു മനസ്സുമാത്രമാണ് കൈമുതല്‍ - ജീവിതവേഗങ്ങള്‍ക്കിടയില്‍ വ്യത്യസ്ത ജീവിതസാഹചര്യങ്ങളില്‍ കഴിയുന്നവരെ കാണാന്‍ അദ്ദേഹം നടത്തുന്ന ശ്രമങ്ങള്‍. ആ പരിശ്രമങ്ങള്‍ വിജയിക്കുന്നിടത്താണ് ചിത്രം പൂര്‍ണമാകുന്നത്.

ദുര്‍ഘടമായ വഴികളിലൂടെ ജീപ്പ് യാത്ര, ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്നാണ്. സാധാരണ ജീപ്പ് ഡ്രൈവര്‍മാര്‍പോലും പോകാന്‍ വിസമ്മതിക്കുന്ന ഹൈറേഞ്ചിലെ വഴികളിലൂടെയുള്ള സഞ്ചാരം - മനസ്സ് ഉന്മാദത്തോളമെത്തുന്ന നായകന്റെ ചെറുചലനങ്ങള്‍ വളരെ സൂക്ഷ്മമായി അവതരിപ്പിക്കാന്‍ ബ്ലെസി സൃഷ്ടിച്ച കഥാപാത്രത്തിലൂടെ ലാലിന് കഴിയുന്നു.

പ്രേക്ഷകന്റെ ഉള്ളുലയ്ക്കുന്ന കുറേ കഥാസന്ദര്‍ഭങ്ങളിലൂടെയൊരു യാത്രയാണ് ചിത്രം. ബോളിവുഡിലും കോളിവുഡിലും ശ്രദ്ധേയയായ ഭൂമിക മലയാളത്തില്‍ അഭിനയിച്ച ആദ്യചിത്രം. മലയാളിയും ബോളിവുഡ് താരവുമായ സുരേഷ് മേനോന്‍ മലയാളത്തില്‍ അഭിനയിച്ച ആദ്യചിത്രം എന്നിങ്ങനെയും ഭ്രമരത്തിന് പ്രാധാന്യമുണ്ട്.


8.ഋതു
മാറുന്ന കാലത്തിനൊപ്പം യൗവനത്തിന്റെ ഭാവുകത്വത്തില്‍ വ്യതിയാനങ്ങള്‍ വരുന്നുവെന്നാണ് ഋതു പറയുന്നത്. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്കി ശ്യാമപ്രസാദ് ജോഷ്വാന്യൂട്ടന്റെ തിരക്കഥയിലൊരുക്കിയ ചിത്രം പുതുതലമുറകളില്‍ സ്‌നേഹം കൈമോശം വന്നിട്ടില്ലെന്ന് തെളിയിക്കുന്നു. ഐ.ടി. പോലുള്ള മേഖലകളിലെ സൗഹൃദലോകത്തിന് മൂല്യച്യുതി സംഭവിക്കുന്നുവെന്ന് പൊതുവേ ഒരു ആരോപണമുയരുന്നുണ്ട്. പക്ഷേ, ആ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഋതു പറയുന്നു.


ആധുനിക ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ പൈതൃകമായിക്കിട്ടിയ കഴിവുകള്‍ നശിപ്പിക്കാന്‍ യുവത തയ്യാറാകുന്നില്ലെന്ന് ചിത്രം അടിവരയിടുന്നു. പുതുമുഖങ്ങളുടെ ഒരു കൂട്ടായ്മയിലാണ് ശ്യാമപ്രസാദ് ഋതുവിനെ ഒരുക്കിയത്. താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പുതുമുഖങ്ങള്‍. അവരെ സമര്‍ഥമായി ഉപയോഗപ്പെടുത്തിയതിലാണ് സംവിധായകന്‍ ശ്യാമപ്രസാദിന്റെ വിജയം. പത്രപ്രവര്‍ത്തകനായ ജോഷ്വാന്യൂട്ടണ്‍ ആദ്യമായി തിരക്കഥയെഴുതിയ ചിത്രമാണിത്. മാറുന്ന കാലത്തിനനുസരിച്ച് യൗവനങ്ങളില്‍ പ്രകടമാകുന്ന മാറ്റങ്ങളെ സ്വാംശീകരിച്ച് കഥയും തിരക്കഥയുമൊരുക്കാന്‍ ജോഷ്വാന്യൂട്ടന് കഴിഞ്ഞിട്ടുണ്ട്.

റിമ, നിഷാന്‍, ആസിഫ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ സംവിധായകന്‍ എം.ജി. ശശിയും ശ്രദ്ധേയമായ വേഷത്തിലെത്തിയിരുന്നു.

9.പത്താംനിലയിലെ തീവണ്ടി
മനോരോഗത്തെ വ്യത്യസ്തമായ രീതിയില്‍ കാണാന്‍ ശ്രമിച്ച ചിത്രമാണ് ജോഷി മാത്യു സംവിധാനം ചെയ്ത പത്താംനിലയിലെ തീവണ്ടി. സ്‌കീസോഫ്രീനിയ ബാധിച്ച് മനോരോഗാശുപത്രിയില്‍ കിടക്കുന്ന റയില്‍വേ ഗാങ്മാന്‍ ശങ്കരന്‍ മകന് എന്നും കത്തുകളെഴുതും. 15 വര്‍ഷം കത്തെഴുതിയിട്ടും മറുപടിയൊന്നും ലഭിക്കുന്നില്ല. ശങ്കരന്റെ അവസാനത്തെ കത്ത് രാമുവിനെ തേടിയെത്തുന്നതോടെ അയാളും അസ്വസ്ഥനാകുന്നു. അച്ഛന്റെ രോഗം മകനെയും പിടിക്കുന്നു. ഇന്നസെന്റ്, ജയസൂര്യ, മീരാനന്ദന്‍, അനൂപ് മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മനസ്സില്‍ തൊടുന്ന കുറേ മുഹൂര്‍ത്തങ്ങളുമായാണ് എത്തിയത്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ജോഷി മാത്യു സംവിധാനം ചെയ്ത ചിത്രം ഗൗരവമായ വിഷയം കൈക്കുറ്റപ്പാടുകളില്ലാതെ പറഞ്ഞിരിക്കുന്നു.


ഇന്നസെന്റിന്റെയും ജയസൂര്യയുടെയും അഭിനയത്തിലെ മറ്റൊരു തലമാണ് പ്രേക്ഷകര്‍ക്കുമുന്നില്‍ ചിത്രമെത്തിച്ചത്. നിരവധി വാണിജ്യ സിനിമകളിലൂടെ മലയാള സിനിമയില്‍ ഇടംനേടിയ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ വേറിട്ട സമീപനമാണ് പത്താംനിലയിലെ തീവണ്ടിയുടെ തിരക്കഥയില്‍ വെളിവാക്കിയത്. ഈ ചിത്രത്തിലൂടെ നിര്‍മാതാവായി സംവിധായകന്‍ ജോസ് തോമസ്, തിരക്കഥാകൃത്തായി ഡെന്നീസ് ജോസഫ്, സംവിധായകനായി ജോഷി മാത്യു എന്നിവര്‍ ഒന്നിക്കുമ്പോള്‍ മൂന്ന് സംവിധായകര്‍ ഒരു ചിത്രത്തിനുവേണ്ടി ഒന്നിക്കുകയായിരുന്നു.
 

10.പാസഞ്ചര്‍
ആദ്യമായി തിരക്കഥയെഴുതി സംവിധാനംചെയ്ത ചിത്രം ശ്രദ്ധേയമാവുക. അങ്ങനെയൊരു സൗഭാഗ്യമാണ് രഞ്ജിത് ശങ്കര്‍ എന്ന സംവിധായകന് 'പാസഞ്ചറി'ലൂടെ ലഭിച്ചത്. സമകാലിക സമൂഹം നേരിടുന്ന ചില പ്രശ്‌നങ്ങളെ സ്​പര്‍ശിച്ചാണ് പാസഞ്ചര്‍ യാത്രതുടങ്ങിയത്. വാണിജ്യ സിനിമകള്‍ സ്വീകരിക്കുന്ന കോംപ്രമൈസുകളൊക്കെ ഒഴിവാക്കി വളരെ ഗൗരവമായ വിഷയമാണ് പ്രേക്ഷകര്‍ക്കുമുന്നില്‍ ചിത്രമെത്തിച്ചത്.


ശ്രീനിവാസന്‍, ദിലീപ്, മംമ്ത തുടങ്ങിയവര്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം പുതുമയാര്‍ന്ന ഒരു വിഷയമാണ് പറഞ്ഞത്. കുടുംബാന്തരീക്ഷത്തിലെ സ്‌നേഹക്കാഴ്ചകളൊക്കെ അതില്‍ ഇഴചേരുന്നു. ആദ്യ സംവിധാനത്തിന്റെ പാകപ്പിഴകളില്ലാതെ ചിത്രമൊരുക്കാന്‍ രഞ്ജിത് ശങ്കറിനു കഴിഞ്ഞു. കഥപറച്ചിലിന് തടസ്സമാകുമെന്ന് കരുതി സ്ഥിരം വാണിജ്യ സിനിമകള്‍ അനുവര്‍ത്തിക്കുന്ന കാര്യങ്ങളൊന്നും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ നര്‍മമുഹൂര്‍ത്തങ്ങള്‍ നിറച്ച് സരസമായി കാര്യങ്ങള്‍ പറയാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു.

ആക്ഷേപഹാസ്യം കലര്‍ന്ന സംഭാഷണം, ഒരു സസ്‌പെന്‍സ് ത്രില്ലറിന്റെ വേഗം തുടങ്ങിയവ ചിത്രത്തിനുണ്ടായിരുന്നു. പി. സുകുമാറിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ മേന്മ വര്‍ധിപ്പിക്കാന്‍ സഹായകമായിട്ടുണ്ട്. ഒരു ചിത്രത്തിന്റെ വലിയൊരു ഭാഗവും ട്രെയിനില്‍വെച്ച് ചിത്രീകരിക്കുക എന്ന പുതുമയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്.

കടപ്പാട്-മാതൃഭൂമി

 
Share/Bookmark

1 comments:

Unknown said...

നീലത്താമര എവിടെ?

Post a Comment

പുസ്തക ശേഖരം

 

Powered by tECHoZONE Solutions