കേരള കഫേ വെറുമൊരു കാപ്പിക്കടയല്ല. അവാര്‍ഡ് പടത്തിനൊരു ഫോര്‍മുല കച്ചവട സിനിമയ്ക്ക് മറ്റൊരു ഫോര്‍മുല എന്ന് വേര്‍തിരിവുണ്ടാക്കി , കൈയിലിരിപ്പിന്റെയും ഉമ്മിണി വലിയ വായ്ത്താരികളുടെയും പിന്‍ബലത്തില്‍ , തങ്ങളുണ്ടാക്കുന്ന ചരിത്രാവശിഷ്ടങ്ങളുടെ തിരുശേഷിപ്പുകള്‍ക്ക് അവാര്‍ഡുകള്‍ സംഘടിപ്പിക്കുകയോ, അത് കിട്ടാതെ വന്നാല്‍ സങ്കടപ്പെടുകയോ ചെയ്യുന്നവരോട്, ദേ, ഇതൊന്ന് കണ്ടിട്ട് പോവാം,ഒരു കാപ്പിയും കുടിക്കാം എന്ന് സധൈര്യം പറയാന്‍ കഴിയുന്ന, വര്‍ത്തമാനകാല മലയാളി ജീവിതത്തിന്റെ പത്തു മുഖങ്ങളാണ് കേരളാ കഫേയിലെ വിഭവങ്ങള്‍.
അബുദാബിയില്‍ നടന്ന മിഡില്‍ ഈസ്റ്റ് ഫിലിം ഫെസ്റ്റിവലില്‍ മലയാളത്തില്‍ നിന്നുള്ള ഒരേയൊരു പ്രാതിനിധ്യമായി എത്തിയ കേരള കഫേ കാണുവാന്‍ ഭാഷാവ്യത്യാസമില്ലാത്ത ജനക്കൂട്ടമാണുണ്ടായിരുന്നത്. പത്ത് സംവിധായകര്‍; അതില്‍ പ്രശസ്തരോ അപ്രശസ്തരോ ഉണ്ടാവാം. ഒരു കാര്യത്തില്‍ അവര്‍ ഒന്നാണ്; പ്രാഗല്ഭ്യത്തിന്റെ കാര്യത്തില്‍. സിനിമയോടുള്ള പ്രണയം മനസ്സില്‍ സൂക്ഷിക്കുകയും വയറ്റുപ്പിഴപ്പിന്റെ നിര്‍ബന്ധങ്ങളാല്‍ വിപണിക്ക് സമരസപ്പെടുകയും ചെയ്യേണ്ടിവന്നവരുടെ സര്‍ഗാത്മകതയുടെ സ്വാതന്ത്ര്യ പ്രഖ്യാപനമായാണ് കേരള കഫേയിലെ സിനിമകളെ കാണാന്‍ കഴിയുക. പിഴവുകളും പാളിച്ചകളുമല്ല ഇവിടെ വിശകലനം ചെയ്യേണ്ടതെന്നെനിക്ക് തോന്നുന്നു. മറിച്ച്, ഇത്തരത്തിലൊരു ആകാശം ഇവര്‍ക്ക് ലഭ്യമാക്കിയ ആലോചനയെ, അത് മുന്നോട്ടുവെക്കുന്ന കൂട്ടായ്മയെ അഭിനന്ദിക്കുകയാണ് വേണ്ടത്.
വിപണി നിശ്ചയിക്കുന്ന ചട്ടക്കൂടുകള്‍, അനുരഞ്ജനങ്ങള്‍, ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ , ലാഭ നഷ്ടങ്ങള്‍ ഇതെല്ലാം നിരന്ന ചതുരംഗപ്പലക പോലെയാണ് വന്‍ മൂലധനത്തിലൂന്നിയുള്ള സിനിമയുടെ ആവിഷ്കാര പരിസരം. അതിശയോക്തിയുടെ കടുത്ത ചായക്കൂട്ടുകള്‍കൊണ്ട് യാഥാര്‍ഥ്യത്തെ മറയ്ക്കുവാനോ പെരുപ്പിക്കുവാനോ സിനിമ തിരക്ക് കൂട്ടുമ്പോള്‍ പ്രേക്ഷകന് വിഡ്ഢികളാക്കപ്പെടുന്നത് പതിവു കാഴ്ചയാണ്. ഒരു ഉദാഹരണത്തിന്; സിനിമയിലെ കോടതി രംഗം തന്നെ നോക്കാം.ഏതെങ്കിലും കേസില്‍പ്പെട്ടു പോയ ഏത് മലയാളിക്കുമറിയാം കോടതിക്കാര്യങ്ങള്‍ !...ഒരു നിസ്സാര കേസില്‍പ്പോലും മാസങ്ങളും കൊല്ലങ്ങളും കഴിഞ്ഞാണ് വിധി വരിക.
എന്നാല്‍ നമ്മുടെ സിനിമയില്‍ ഒറ്റയടിക്കു തന്നെ പുലിപോലെ ചീറുന്ന വക്കീലന്മാരെയും അന്നുതന്നെ വിധി പ്രഖ്യാപനം നടത്തുന്ന ന്യായാധിപനെയുമൊക്കെ കാണുമ്പോള്‍ പ്രേക്ഷകര്‍ക്കെന്നപോലെ ഈ സിനിമയുണ്ടാക്കുന്ന സംവിധായകനുമറിയാം ഇത് ശരിയല്ലെന്ന്, എന്നാല്‍ മാര്ക്കറ്റിലേക്കയ്ക്കുന്ന ഉത്പന്നത്തിന്റെ വിപണനത്തിന് ഈ അരുതായം ചെയ്തേ പറ്റൂ . ഈ ഒരു സംഘര്‍ഷം കലാകാരനെന്ന നിലയ്ക്കുള്ള അയാളുടെ ഔചിത്വത്തെ പരിഹസിക്കുന്നതിന്റെ മനോവേദന അയാള്‍തന്നെ അനുഭവിക്കുന്നുണ്ടാവണം. അതുകൊണ്ടാണ് ഈ തിരിച്ചറിവുകളോടുള്ള സന്ധിയാല്ലാപ്രഖ്യാപനമായി കേരള കഫെയിലെ നേര്‍ക്കാഴ്ചകള്‍ മാറുന്നത്.
ഹ്രസ്വചിത്രങ്ങളുടെ മുത്തപ്പനായ Roberto Enricoയുടെ An incident at Owl Creek Bridge തുടങ്ങിയ ക്ലാസിക്കുകള്‍ ഓര്‍മിച്ചു കൊണ്ടുതന്നെ പറയാം, നല്ല സിനിമ യാഥാര്‍ഥ്യത്തെ പ്രകാശിപ്പിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുമെങ്കില്‍ കേരള കഫെയെ ആ ഗണത്തില്‍പെടുത്താനാണ് ഞാനാഗ്രഹിക്കുക. ഇതില്‍, ആദ്യ കാഴ്ചയില്‍ത്തന്നെ 'ഞാന്‍ നിന്നെ കെട്ടിക്കോട്ടെ ''എന്ന് ചോദിക്കുന്ന വളച്ചുകെട്ടില്ലാത്ത പ്രണയമുണ്ട്; Lady Gregory യുടെ Rising of the Moon എന്ന പ്രശസ്തമായ ഐറിഷ് നാടകത്തിലെ അമ്മയെ നിഷ്പ്രഭമാക്കാന്‍പോന്ന ഒരിക്കലും വരാത്ത മകനെയും കപ്പലിനെയും കാത്തിരിക്കുന്ന കടപുഴകിയ മാതൃത്വമുണ്ട്. ഗള്‍ഫ് മലയാളികളുടെ പൊങ്ങച്ചവും സ്വാര്‍ഥതയും അല്‍പ്പത്തവും കപടനാട്യവുമുണ്ട്. ബാധ്യതകളുടെ പെരുങ്കടലില്‍ !! ആത്മഹത്യമാത്രം അഭയമെന്ന് കരുതിപ്പോകുന്ന ഇടത്തരക്കാരന്റെ ജീവിതവും സാമ്പത്തിക മാന്ദ്യത്തിന്റെ മധ്യവര്‍ഗ പ്രതിനിധിയുമുണ്ട്.
ആജ്ഞേയാസക്തികളുടെ സംഗീതികയില്‍ ഹോമിക്കപ്പെട്ട യൗവനമുണ്ട്; പാറമടകളിലെ പരുക്കന്‍ ജീവിതങ്ങളില്‍ നിന്നും കാമലീലകള്‍ക്കായി വില്‍ക്കപ്പെടുന്ന ബാലികമാരുടെയും അവരുടെ അമ്മമാരുടെയും കനല്‍കണ്ണീരുണ്ട്. അതേസമയം നവകന്യകമാരുടെ ചെറുത്തുനില്‍പ്പിന്റെ അതിമനോഹരമായ, എന്നാല്‍ തീയില്‍പ്പൊതിഞ്ഞ, ചിരിയുണ്ട്. തെരുവ് പട്ടി നക്കിനോക്കുന്ന മില്ല്യണയര്‍മാരുടെ ആധുനിക കാലത്തെ തട്ടിപ്പും വെട്ടിപ്പുമുണ്ട്.
നീയെനിക്ക് മകനും ഭര്‍ത്താവും തന്നെയെന്ന് പറയുന്ന സ്ത്രീത്വത്തിനു മുന്പില് രക്തം ചിന്തി പ്രാണന് വെടിയുന്ന കാമുകനുണ്ട്. പ്രണയകാല വ്യഥയുമായി മധ്യവയസ്സ് കടക്കുന്നവന് പുറംകാഴ്ചകളില്‍ കാണുന്ന പുതുമരം മണക്കുന്ന ശവപ്പെട്ടിയുണ്ട്. ഇരുമ്പുപാളങ്ങളില്‍ കൂട്ടബലിക്കിരയായിത്തീര്‍ന്ന പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവന്റെ ഏകാന്തതയുണ്ട്..ജീവിതം ഇതൊക്കെയാണെടോ എന്ന് വളരെ ലളിതമായി, നാട്യങ്ങളേതുമില്ലാതെ പറഞ്ഞുവെക്കുകയാണ് പത്തു സംവിധായകര്‍ കേരള കഫേയില്‍.

ആര്.വേണുഗോപാലിന്റെ കവിതയെ അടിസ്ഥാനപ്പെടുത്തി, മൂര്‍ച്ചയേറിയ സാമൂഹിക വിമര്ശത്തിലൂന്നിയ, പത്മകുമാറിന്റെ 'നാട്ടുവഴികള്‍', ഗള്‍ഫ് മലയാളിയുടെ അല്പത്തത്തിന്റെയും സ്വാര്‍ഥതയുടെയും, ഗൃഹാതുരത്വം എന്ന കപടനാട്യത്തിന്റെയും തൊലിയാണ് പൊളിച്ചുകളയുന്നത്. ദിലീപും നവ്യാനായരും സുധീഷും ഇവിടെ ഗള്‍ഫ് മലയാളിയുടെ ജീവിതത്തിലെ വേറിട്ട കാഴചയല്ലാതാവുന്നു.
മറ്റുള്ള ഒമ്പതു പേര്‍ക്കുമൊപ്പം, തന്റെതായ ദൃശ്യഭാഷയാല്‍ , പെരുമണ്‍ ദുരന്തത്തിലൂന്നിയ Island Express, ശങ്കര്‍ രാമകൃഷ്ണന് എന്ന നവാഗതന് മനസ്സില്‍തട്ടുന്ന ചിത്രമാക്കി.
മറ്റുള്ള ഒമ്പതു പേര്‍ക്കുമൊപ്പം, തന്റെതായ ദൃശ്യഭാഷയാല്‍ , പെരുമണ്‍ ദുരന്തത്തിലൂന്നിയ Island Express, ശങ്കര്‍ രാമകൃഷ്ണന് എന്ന നവാഗതന് മനസ്സില്‍തട്ടുന്ന ചിത്രമാക്കി.





കേരള കഫേ വെറും ദുരിതങ്ങളുടേയും വേദനകളുടെയും വില്‍പ്പനശാലയാണോ?.

എറണാകുളം-കോഴിക്കോട് റൂട്ടിലോടുന്ന ബസ്സില്‍ ഒരു പത്തൊന്‍പതുകാരി ഇരിപ്പുണ്ട്. അടുത്ത സീറ്റ് കാലിയാണെന്ന് കരുതി ഓടിച്ചെന്നിരിക്കാനോ അവളെ വളയ്ക്കാനോ നോക്കണ്ട, പുലിയാണവള്‍... കടിക്കുകയോ മാന്തുകയോ ഒന്നും ചെയ്യില്ലെങ്കിലും അവളൊരു പുലിയാണ്; കാരണം അവളുടെ കയ്യിലുള്ളത് ബോംബാണ്. തന്നെയും തന്നോടൊപ്പം ബസ്സിലുള്ള മുഴുവന്‍ പേരെയും ചുട്ടു ചാമ്പലാക്കുവാന്‍ തന്റെ പഴഞ്ചന്‍ മൊബൈല്‍ ഫോണിലൊന്ന് വിരലമര്‍ത്തിയാല്‍ മതി അവള്‍ക്ക്. എന്തിനും ഒരുമ്പെട്ടിറങ്ങിയതാണവള്‍; തീവ്രവാദി! ആകാംക്ഷയുടെ മുള്‍മുനയിലാണ് ഇനിയുള്ള ദൂരം ഈ ബസ്സ് ഓടുക. അതിനാല്‍ പൊട്ടാന്‍പോകുന്ന ബോംബിന്റെ പിന്നിലെ രഹസ്യം അങ്ങനെയിരിക്കട്ടെ. അളന്നു മുറിച്ച ചലനങ്ങള്‍, കൃത്യമായ സംഭാഷണങ്ങള്‍.. ഒരു ചെക്കോവിയന്‍ ചെറുകഥയുടെ കൈയടക്കം പോലെ, വശ്യം, മനോഹരം, ഈ പെണ് സ്പര്‍ശം. അഞ്ജലീ മേനോന്റെ Happy journey കേരളത്തിലെ മാറുന്ന പെണ്‍കുട്ടിയുടെ ധീരമായ മുഖമാണ് നമുക്ക് കാണിച്ചു തരുന്നത്. അതെ, പുതിയ പെണ്‍കുട്ടികളുടെ കൈയില്‍ ബോംബുകളുണ്ട്, സൂക്ഷിക്കുക; സീറ്റ് മാറിയിരിക്കുക.
ഇപ്പോള്‍ തിയറ്ററില്‍ ഉയരുന്ന കരഘോഷം ഈ പെണ്‍കുട്ടിക്കുള്ളതാണ്. അടുത്തിരിക്കുന്ന ആള് ചോദിച്ചു: അടുത്തത് ആരുടെ പടം? ഞാന്‍ പറഞ്ഞു: ശ്യാമപ്രസാദിന്റെ. ഉടന്‍ അയാള്‍ മുന്‍വിധിയെഴുതി: ഓ, സീരിയസ്സായിരിക്കും!
ആദ്യ സീനില്‍ത്തന്നെ പ്രേക്ഷകര്‍ പൊട്ടിച്ചിരിച്ചപ്പോള്‍ അയാള്‍ അമ്പരന്നു. ഹവ്വാ ബീച്ചില്‍ തലപൂഴ്ത്തി ശീര്ഷാസനത്തില് നില്‍ക്കുന്നത് മില്ല്യണയര്‍ ; അയാളെ നക്കി നോക്കുന്നത് സ്ലം ഡോഗ് (സാക്ഷാല്‍ കൊടിച്ചി പട്ടിതന്നെ)! ഗ്രാഫിക്സിന്റെ പുത്തന്‍ സാധ്യതകള്‍ സന്നിവേശിപ്പിച്ച് ആദ്യ ഫ്രെയിമില്‍ത്തന്നെ പ്രേക്ഷകനെ കുടുക്കിയിട്ടു കളഞ്ഞു സംവിധായകന്! അഴകപ്പന്റെ അഴകേറിയ ഫ്രെയിമുകളുടെ അവിരാമമായ ചലനങ്ങള്‍, എഡിറ്റിങ്ങിലെ തിരമാല വേഗം, മലയാളികളെപ്പോലെ അഭിനയിക്കുന്ന സായിപ്പും മദാമ്മയും. സായിപ്പിനെപ്പോലും തോല്‍പ്പിക്കുന്നതാവട്ടെ, തൊമ്മിക്കുഞ്ഞെന്ന സുരാജ് വെഞ്ഞാറമ്മൂട്! സാമ്പത്തിക മാന്ദ്യം സായിപ്പിനെ കേരളത്തില്‍ ജോലിയന്വേഷിച്ചുവരുന്ന അവസ്ഥയിലെത്തിച്ചെന്ന് ഹാസ്യത്തില്‍ പറഞ്ഞുതീര്‍ക്കുന്ന ശ്യാം, വലിയ കാര്യങ്ങള്‍ ദേ ഇങ്ങനേയും പറയാം, എന്ന് ബോധ്യപ്പെടുത്തുകയാണ് Off Season എന്ന ചിത്രത്തിലൂടെ. ശ്യാമപ്രസാദിന്റെ കൈയൊപ്പ് അതുകൊണ്ടുതന്നെ കൂട്ടത്തില്‍ വേറിട്ട അനുഭവമായി.

പൊടുന്നനെ സിനിമ തീര്‍ന്നു. അടുത്ത സീറ്റിലിരിക്കുന്ന മലയാളിക്ക് സംശയം: മമ്മൂട്ടിയല്ലേ, ഇപ്പോള്‍ ബസ്സിലുണ്ടായിരുന്നത്? ഞാന്‍ പറഞ്ഞു: അതെ, എന്തേ?
അല്ല, കൂട്ടത്തിലൊരാളെപ്പോലെ തോന്നിച്ചു.
മലയാളത്തിലെ അഭിനേതാക്കള്‍ ഒന്നടങ്കം അണിനിരന്ന് വേറെയും സിനിമകള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ ഒരെയൊരു ലക്ഷ്യം കച്ചവടം മാത്രമായിരുന്നതിനാല്‍ കേരള കഫേയിലിരുന്ന് ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലാതായി ആ സിനിമ. കേരള കഫേയില്‍ കാപ്പികുടിക്കാന്‍ വരുന്നവരെപ്പോലെ സമന്മാരാണ് ഇതിലെ നടീനടന്മാര്.; എല്ലാവര്ക്കും മനുഷ്യമുഖങ്ങള്‍ മാത്രം. അതു തന്നെയാണ് ഇതിലെ പത്തു ചിത്രങ്ങളെയും വ്യത്യസ്തമാക്കുന്നത്. പത്തു സിനിമകള്‍, പത്തു പ്രമേയങ്ങള്‍, പത്ത് ആവിഷ്കാരങ്ങള്‍ പാളങ്ങളില്‍ നിന്ന് പാളങ്ങളിലേക്ക് മാറുന്ന തീവണ്ടിച്ചക്രങ്ങള്‍ പോലെ; എന്നാല്‍ എല്ലാം ചെല്ലുന്നത് ഒരു ദിശയിലേക്ക് കേരളം എന്ന യാഥാര്‍ഥ്യത്തിലേക്ക്.യാഥാര്‍ഥ്യത്തിന്റെ ഈ പത്തു മുഖങ്ങള്‍ വിളക്കി ചേര്‍ക്കുവാനായി ഒരാളിരുപ്പുണ്ട്; രഞ്ജിത്ത്. പ്രമേയങ്ങളുടെ വ്യത്യസ്തതയും പരിചരണത്തിലെ പാകതയും സമന്വയിപ്പിക്കുക എന്ന കര്‍ത്തവ്യമാണ് രഞ്ജിത്ത് ഇവിടെ ചെയ്യുന്നത്. പത്ത് ചിത്രങ്ങളിലേയും കഥാപാത്രങ്ങള്‍ കയറിയുമിറങ്ങിയും കേരള കഫേയെ സജീവമാക്കണമെന്നതിലുപരി വാണിജ്യസിനിമയുടെ വക്താക്കളെന്ന് മുദ്രകുത്തപ്പെട്ടവരെയും അല്ലാത്തവരെയും ഒരുമിച്ചു നിര്‍ത്തി, പ്രേക്ഷകന്റെ മാറുന്ന അഭിരുചികള്‍ തിരിച്ചറിയുവാനും ചലച്ചിത്രഭാഷയുടെ സാധ്യത ഫലപ്രദമായി ഉപയോഗ
െപ്പടുത്തുവാനും ധൈര്യം കാണിച്ച ഒരാള്‍ എന്ന നിലയ്ക്കും രഞ്ജിത്ത് അഭിനന്ദനമര്‍ഹിക്കുന്നുണ്ട്.

നൊബേല്‍ ജേതാവ് ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസിന്റെ Strange Pilgrims എന്ന ചെറുകഥാ സമഹാരം ഓര്‍ത്തു പോവുകയാണ്. വ്യത്യസ്ത കാലങ്ങളില്‍ അദ്ദേഹം എഴുതിയ പതിമൂന്ന് ചെറുകഥകള്‍ ഒരൊറ്റ ശ്രേണിയില്‍ കോര്‍ത്തിണക്കിയ ആ പുസ്തകം, ഒരു ചെറുകഥാ സമാഹരത്തിന്റെ പരിമിതിയെ മറികടന്ന്, ഒന്ന് മറ്റൊന്നിന്റെ തുടര്‍ച്ചയായി വളരുന്ന രീതിയില്‍, ഒറ്റ കാതലില്‍ പണിതീര്‍ത്ത ഒരു ലാറ്റിനമേരിക്കന്‍ ജീവിത വൃക്ഷമായി വളരുകയാണ്. ഇതില്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും ഒരൊറ്റ ചരടില്‍ കോര്‍ത്തിരിക്കുന്നു. യൂറോപ്പിലെ വ്യത്യസ്ത ഭാഗങ്ങളില്‍ കഴിയുന്ന ലാറ്റിനമേരിക്കക്കാരുടെ പ്രശ്നങ്ങളാണ് എല്ലാ കഥകളെയും തമ്മില്‍ വിളക്കിച്ചേര്‍ക്കുന്ന കണ്ണിയെന്ന് ആമുഖത്തില്‍ മാര്‍കേസ് വ്യക്തമാക്കുന്നുണ്ട്. മാര്‍കേസിന്റെ മഹത്തായ കൃതിയുമായുള്ള താരതമ്യമല്ല പറഞ്ഞു വരുന്നത്. പ്രമേയങ്ങള്‍ വ്യത്യസ്തമാകുമ്പോഴും അവയെ വിളക്കി ചേര്‍ക്കുന്ന ഒരു പൊതു വസ്തുത ഉണ്ടായിരിക്കണം എന്നാണ്. കേരള കഫേ ആ അര്‍ഥത്തില്‍ കേരള യാഥാര്‍ഥ്യത്തിന്റെ പൊതുഭൂമികയിലാണ് കൊരുത്തിട്ടിരിക്കുന്നത്.

